‘സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിന് മുന്നിൽ നിന്നു, വിവാഹം പോലും ഒരു സമരമുറയായിരുന്നു’; ശാരദ ടീച്ചർക്ക് വിട നൽകി നാട്
വടകര: സ്ത്രീകൾ വീടിനുള്ളിൽ മാത്രം ഒതുങ്ങികഴിഞ്ഞിരുന്ന കാലത്ത് പൊതുരംഗത്തേക്ക് കടന്നുവന്ന ആളായിരുന്നു അന്തരിച്ച ശാരദ ടീച്ചറെന്ന് പുതിയാപ്പ് വാർഡ് കൗൺസിലർ ലീപ. നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പലവിധ പ്രവർത്തനങ്ങളുമായി ടീച്ചർ മുന്നിൽ നിന്നിരുന്നുവെന്നും പ്രായാധിക്യത്തെ തുർന്ന് അഞ്ച് വർഷത്തിലേറെയായി പ്രവർത്തന രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നെന്നും കൗൺസിലർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാക്കളായ എം കെ കേളുഏട്ടൻ, പി പി ശങ്കരൻ, കെ കെ രാഘവൻ എന്നിവരോടൊപ്പം നഗരസഭയിൽ കൗൺസിൽ അംഗമായിരുന്നു. 12 വർഷം കൗൺസിലർ ആയി പ്രവർത്തിച്ചിരുന്നു. ജാതിവൃവസ്ഥ കൊടികുത്തിവാണിരുന്ന 1950 ൽ കമ്മൃുണിസ്റ്റ് നേതാവായിരുന്ന ഒ.ജി കുറുപ്പിനെ വിവാഹം ചെയ്ത് നാടിനെ ഞെട്ടിച്ചു. എല്ലാവർക്കും മാതൃകയായിരുന്നു ശാരദ ടീച്ചറെന്ന് ലീപ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
സംസ്കാരം ഉച്ചയോടെ വീട്ടുവളപ്പിൽ നടന്നു . രാഷ്ട്രീയ പാർട്ടി രംഗത്ത് നിന്നുൾപ്പടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.