‘വടകര കഴിഞ്ഞാൽ പിന്നെ റോഡില്ല, ഇന്ന് കണ്ട കുഴിയല്ല നാളെ’ ; ദേശീയ പാതയിലെ വെള്ളക്കെട്ടും കുഴികളും ആംബുലൻസ് ഡ്രെവർമാർക്ക് തീരാതലവേദനയാകുന്നു


സന പ്രമോദ്

വടകര : ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ. ഇതിനിടെയിലാണ് ഇവരുടെ വഴി മുടക്കാനെന്നോണം ദേശീയ പാതയിൽ വെള്ളക്കെട്ടും കുഴികളും നിരന്ന് നിൽക്കുന്നത്. ചോറോട് , വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി ഭാ​ഗങ്ങളിലാണ് എപ്പോഴും ആംബുലൻസ് ഡ്രൈവർമാർ കുരുക്കിലാകുന്നത്. തലശ്ശേരി ഭാ​ഗങ്ങളിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന ആംബുലൻസ് ഡൈവർമാർ വടകര കഴിഞ്ഞാൽ ഇഴഞ്ഞ് നീങ്ങി പോകേണ്ട അവസ്ഥയാണ്.

വടകര കഴിഞ്ഞാൽ പിന്നെ റോഡില്ലെന്ന് കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർ വിശാൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞു . ദേശീയപാതയുടെ പണി നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ​ഗതാ​ഗത കുരുക്ക് കൂടുതലാണ്. ചെറിയ കൂലിക്കാണ് കോഴിക്കോട് വരെ പോകുന്നത്. കുണ്ടിലും കുഴിയിലുമൂടെയുള്ള ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയാൽ വണ്ടി മെയിന്റനൻസിന് മാത്രമേ ഈ തുക തികയുള്ളൂവെന്നും വിശാൽ പറയുന്നു. പയ്യോളിയിൽ റോഡിന്റെ വീതി കുറവും വൺവേ ആക്കിയതും വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രോ​ഗിയേയും കൊണ്ടുപോയ വണ്ടി റോഡിലെ കുഴിയിലകപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും വിശാൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

രോ​ഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആംബുലൻസ് സ്റ്റാർട്ട് ചെയ്യുന്നത്. കാരണം ഇന്ന് കണ്ട കുഴിയല്ല നാളെ റോഡിലുണ്ടാവുക. ശ്രദ്ധിച്ച് വേണം വണ്ടിയെടുക്കാനെന്ന് കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർ റിയാസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പയ്യോളിയിലെ വൺവേ സംവിധാനം കാര്യക്ഷമമല്ലെന്നും റിയാസ് പറഞ്ഞു. പൂക്കാട് അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്ത് റോഡിന്റെ വീതികുറവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് തിരുവങ്ങൂർ സ്കൂളിന് സമീപവും. വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്ന് പോകുന്നത്.

റോഡ് നിറയെ കുഴിയും വെള്ളവുമാണ്. സ്ഥിരമായി ഇത് വഴി യാത്ര ചെയ്യുന്നവർക്ക് ഇത് മനസിലാക്കി വണ്ടി മുൻപോട്ടെടുക്കാൻ കഴിയും. വല്ലപ്പോഴും ഇത് വഴി വരുന്ന വാഹനയാത്രികർക്ക് ഇത് മനസിലാകാതെ കുഴിയിലകപ്പെടുകയാണ്. റോഡിൽ കുഴി രൂപപ്പെട്ടാൽ അത് അടയ്ക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. ഇതും കുരുക്ക് കൂട്ടുകയാണ്. മറ്റു വാഹനങ്ങൾ കുരുക്കിൽ ആംബുലൻസുകളെ പരി​ഗണിക്കാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് റിയാസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

റോഡിലെ കുണ്ടും കുഴിയും കാരണം ഇഴഞ്ഞ് നീങ്ങിയാണ് രോ​ഗികളേയും കൊണ്ട് കോഴിക്കോട് എത്തുന്നത്. അതിനിടയിൽ സ്വകാര്യ ബസുകാരും മറ്റ് വലിയ വാഹനങ്ങളും സൈഡ് തരാത്തത് മറ്റൊരു പ്രതിസന്ധിയാണെന്ന് തലശ്ശേരിയിലെ ആംബുലൻസ് ഡ്രൈവർ ബാഹുലേയൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഒരു ജീവനും കൊണ്ട് ഓടുന്ന വാഹനമാണ് പുറകിൽ വന്ന് ഹോൺ മുഴക്കുന്നതെന്ന് മറ്റ് വാഹനങ്ങൾ കണക്കിലെടുക്കുന്നില്ല. തങ്ങൾ ബ്ലോക്കിലല്ലെ നിങ്ങൾക്കും നിന്നാലെന്താണെന്ന ചിന്തയാണ് അവർക്കെന്ന് ബാഹുലേയൻ പറഞ്ഞു. [mid5]

ദേശീയ പാത നിർമ്മാണം പൂർത്തിയാകുന്നത് വരെ റോഡിലെ അവസ്ഥ ഇതാണെന്ന് ഡ്രൈവർമാർക്കറിയാം. റോഡിലെ കുഴിയെങ്കിലും അടയ്ക്കാൻ കരാറുകാർ കൃത്യസമയത്ത് ശ്രമിക്കണമെന്നാണ് ഇവർ പറയുന്നത്. [mid6]