ചട്ടങ്ങൾ പാലിക്കാതെ ജൂനിയർ അധ്യാപകനെ പ്രധാനാധ്യാപകനാക്കി; വടകര ഡി.ഇ.ഒ ഓഫീസിന് പിഴയിട്ട് വിവരാവകാശ കമ്മീഷണർ


വടകര: ന്യൂനപക്ഷ പദവി വിനിയോഗിച്ച് ജൂനിയറിനെ പ്രധാനാധ്യാപകൻ ആക്കിയതിൽ ചട്ടങ്ങൾ പാലിക്കാത്ത ഡി.ഇ.ഒ ഓഫീസിന് പിഴ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ അടയ്ക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീമാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്.

വടകര വില്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ സീനിയറായിരുന്ന എം.സുലൈമാനെ മറികടന്ന് ജൂനിയറായ ആർ.ഷംസുദ്ദീനെ പ്രിൻസിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കമ്മിഷൻ കണ്ടെത്തി.

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയായ ഈ സ്ഥാപത്തിൽ അബ്ദുൽഹമീദ് കണിയാക്കണ്ടിയെ മാനേജറാക്കിയ നടപടി രേഖപോലും ഹാജരാക്കാൻ ഡി.ഇ.ഒ ഓഫീസിന് കഴിഞ്ഞില്ല. ഈ വിദ്യാഭ്യാസ ഏജൻസിയുടെ ഭരണഘടന, നിയമന തീരുമാനങ്ങളുടെ മിനുട്സ്, നിയമനം നേടിയവരുടെ യോഗ്യത എന്നിവയൊന്നും ഡി.ഇ.ഒ ഓഫീസ് വേണ്ടവിധം പരിശോധിച്ചില്ലെന്നും കമ്മിഷൻ കണ്ടെത്തി.

പിഴത്തുക സെപ്തമ്പർ 30 നകം ഡി.ഇ.ഒ ഓഫീസിലെ സൂപ്രണ്ട് ആരിഫ് മുഹമ്മദ് അടയ്ക്കണം. ഇല്ലെങ്കിൽ ജില്ലാ കലക്ടർ മുഖേന ജപ്തി നടപടികളിലൂടെ പണം വസൂലാക്കുമെന്നും വിവരാവകാശ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.

Summary: RTI Commissioner fined Vadakara DEO office for making junior teacher head teacher without following rules