ആവശ്യപ്പെട്ടത് 3000 കോടി രൂപ, ലഭിച്ചത് 145.60 കോടി രൂപ; ഒടുവിൽ സംസ്ഥാനത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ


ഡല്‍ഹി: ഒടുവിൽ കേരളത്തിനു പ്രളയ ധനസഹായം അനുവദിച്ച്‌ കേന്ദ്ര സർക്കാർ. 145.60 കോടിയുടെ ധന സഹായമാണ് സംസ്ഥാനത്തിന് ലഭിക്കുക. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

കേരളത്തെ കൂടാതെ ഗുജറാത്ത് (600 കോടി), മണിപ്പുർ (50 കോടി), ത്രിപുര (25 കോടി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങലിലെ പ്രളയ സാഹചര്യം വിലയിരുത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ വിഹിതമായി 145.60 കോടി അനുവദിച്ചത്.

അതിനിടെ വയനാട് ദുരന്തത്തില്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സഹായം ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും സഹായം അനുവദിക്കുന്നത്. സഹായം വൈകുന്നതില്‍ വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ വിഹിതം ലഭിക്കുന്നത്.

Summary: Rs 3000 crore was demanded, Rs 145.60 crore was received; Finally, the central government has granted flood financial assistance to the state