കണ്ണൂക്കര കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചാശ്രമം; ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് കള്ളൻ, വില്ലനായി ബാങ്കിലെ അലാറാം


കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ മോഷണശ്രമം. ഷട്ടറിന്റെ പൂട്ട് തകർത്ത് ബാങ്കിനുള്ളിലേക്ക് കള്ളൻ കയറിയ ഉടൻ ബാങ്കിലെ സുരക്ഷാ അലാറാം അടിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം ചോമ്പാല പോലിസ് കണ്ണൂക്കരയിൽ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്നു. അലാറം ശബ്ദം കേട്ട് പോലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടിരുന്നു. ബാങ്കിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.