77.21 കോടി രൂപയുടെ റോഡ് പ്രവൃത്തി; വടകര വില്ല്യാപ്പള്ളി ചേലക്കോട് റോഡ് ടെണ്ടർ നടപടിയിലേക്ക്


വടകര: വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് ടെൻഡർ നടപടികളിലേക്ക്. 77.21 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകേണ്ട കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം നൽകി.

നിരക്ക് വർധനയും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി യുട്ടിലിറ്റി ഷിഫ്റ്റിങ്ങുകളുടെ അധിക ചെലവും ജിഎസ്‌ടി റിവിഷനും മൂലമാണ് പുതുക്കിയ സാമ്പത്തിക അനുമതി ലഭ്യമാക്കേണ്ടി വന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. പ്രവൃത്തിയുടെ ടെൻഡർ ഉടൻ പ്രസിദ്ധീകരിക്കും.

പ്രസ്തുത പ്രവർത്തിയുടെ ചെയിനേജ് 5/700 മുതൽ 14/154 വരെ 8.454 കിലോമീറ്റർ ഭാഗം എഫ്.ഡി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ചും, മറ്റു ഭാഗങ്ങൾ ബി.എം.ബി.സി നിലവാരത്തിൽ കൺവെൻഷനൽ രീതിയിലും നടപ്പിലാക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

കുറ്റ്യാടി നാദാപുരം മണ്ഡലങ്ങളിലെ ചുരുക്കം ചില ഭൂവുടകൾ സമ്മതപത്രം നൽകാനുണ്ടെന്നും ഇത് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പറഞ്ഞു.

Summary: Road work worth Rs 77.21 crore; Vadakara Villiyapally Chelakode road tender process underway