അവധി ആഘോഷിക്കാന്‍ ഊട്ടിക്കും കൊടൈക്കനാലിലേക്കും പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ.
ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/home എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങള്‍ക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങള്‍ക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളില്‍ 6,000 വാഹനങ്ങള്‍ അനുവദിക്കും.

വേനല്‍ക്കാലത്തെ തിരക്ക് മുന്നില്‍ കണ്ട് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നീലഗിരിയില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് 2024 ഏപ്രില്‍ 29ന് ഹില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് ഇ-പാസുകള്‍ നിര്‍ബന്ധമാക്കി കോടതി ഉത്തരവിട്ടത്.
Description: Restrictions on tourist vehicles to Ooty and Kodaikanal from today