‘അവശ്യ മരുന്നുകളുടെ വില വര്‍ദ്ധനവും നികുതിയും പിന്‍വലിക്കുക’; കെ.എം.എസ്.ആര്‍.എ വടകര ഏരിയാ സമ്മേളനം


വടകര: അവശ്യ മരുന്നുകളുടെ വിലവര്‍ദ്ധനവും നികുതിയും പൂര്‍ണമായി പിന്‍വലിക്കണമെന്ന് കേരള മെഡിക്കല്‍ & സെയില്‍സ് റപ്രസെന്റേറ്റീവ് അസോസിയേഷന്‍ (കെ.എം.എസ്.ആര്‍.എ, സി.ഐ.ടി.യു) വടകര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ അധികാരളോട് ആവശ്യപ്പെട്ടു. വടകര ചെത്തു തൊഴിലാളി ഓഫീസില്‍ വെച്ചുനടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് കാന്‍സര്‍ കിഡ്‌നി രോഗങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ക്ക് വര്‍ഷംതോറും പത്തു ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരുന്നു കമ്പനികളില്‍ നിന്നും ഇലക്ടറല്‍ ബോണ്ടിലൂടെ കോടികള്‍ കൈപ്പറ്റിയാണ് മോഡിസര്‍ക്കാര്‍ ഇത്തരത്തില്‍ വിലവര്‍ദ്ധനവിന് വളം വെച്ചു കൊടുക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി നവംമ്പര്‍ മാസത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ സംഘടന തീരുമാനിച്ചിരിക്കുകയാണ്.

വയനാട്ടിലെ ദുരിത ബാധിതരെ പരമാവധി സഹായിക്കാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ സുധീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രതീഷ്
സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭവനീഷ് സ്വാഗതവും അഖില്‍ നന്ദിയും പറഞ്ഞു. അഖില്‍ നെല്ലിയോട്ടിനെ പ്രസിഡണ്ടായും ഭവനീഷ് എന്‍.പി യെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.