ചെങ്കണ്ണിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാം…. വിശദമായറിയാം


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല സ്ഥലങ്ങളിലും ചെങ്കണ്ണ് രോഗം റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്കണ്ണിനെ പ്രതിരോധിയ്ക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതിനെക്കുറിച്ച് വിശദമായി അറിയാം.

ചെങ്കണ്ണ്

കണ്ണിന്റെ നേത്രപടലത്തെയാണു ചെങ്കണ്ണ് ബാധിക്കുന്നത്. ഇവിടെയുണ്ടാകുന്ന അണുബാധയാണിത്. ബാക്ടീരിയ, വൈറസ് ബാധമൂലവും അലര്‍ജികൊണ്ടും ചെങ്കണ്ണു വരാം. ഒരാള്‍ക്കു ബാധിച്ചാല്‍ വീട്ടിലെ എല്ലാവരിലേക്കും എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ചെങ്കണ്ണ് വരാതെ സൂക്ഷിക്കാന്‍ കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. രോഗിയുടെ ടവല്‍, തോര്‍ത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ടു.

ചെങ്കണ്ണ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും എഴുന്നേറ്റ ശേഷവും കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുക (തലേന്ന് ഒന്നോ രണ്ടു തുളസിയിലയിട്ടുവച്ച വെള്ളമാണെങ്കില്‍ കൂടുതല്‍ നല്ലത്)

വായ്ക്കകത്ത് വെള്ളം നിറച്ചുവച്ചശേഷം കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് കണ്ണുകള്‍ക്ക് ഊര്‍ജസ്വലത നല്‍കും.

കണ്ണില്‍ കരടുപോയാല്‍ വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ടോ കോട്ടണ്‍ കൊണ്ടോ ഒപ്പിയെടുക്കുക. ഒരു കാരണവശാലും കണ്ണു തിരുമ്മരുത്.

കംപ്യൂട്ടറിലും ടെലിവിഷനിലും ഏറെ നേരം നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ വേഗം കുറയും. ഇതു കണ്ണുകളില്‍ വരള്‍ച്ചയുണ്ടാക്കും.

കണ്ണിന് ഏറ്റവും പ്രിയപ്പെട്ട നിറമാണു പച്ച. തിരക്കിട്ട ജോലിക്കിടയിലും വായനയ്ക്കിടയിലും അല്‍പസമയം ദൂരെയുള്ള പച്ചപ്പിലേക്കു നോക്കുന്നതു കണ്ണിനു കുളിര്‍മ നല്‍കും.

കാല്‍പാദങ്ങള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതു കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ശീലമാക്കുക.

കണ്ണട ധരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും കണ്ണടയൂരി രണ്ടുമൂന്നു മിനിറ്റ് കണ്ണടച്ചിരുന്നു കണ്ണിനു വിശ്രമം നല്‍കുക. മറ്റുള്ളവരുടെ കണ്ണടയോ കോണ്‍ടാക്ട് ലെന്‍സോ ഉപയോഗിക്കരുത്.

ശക്തിയുള്ള പ്രകാശം കണ്ണില്‍ അടിക്കാതെ നോക്കണം. വായിക്കുമ്പോള്‍ ഇടതുവശത്തുനിന്നുള്ള പ്രകാശമാണു നല്ലത്.

ചെങ്കണ്ണ് പടരാതിരിക്കാന്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് ബാധയുള്ള ആള്‍ പ്ലെയിന്‍ കണ്ണടയോ കൂളിങ് ഗ്ലാസോ ധരിക്കുക.

വൈറസുകള്‍ വായുവില്‍ക്കൂടി പകരുന്നതിനാല്‍ ബാധിച്ചയാളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.

അടുത്തിടപഴകുന്നവര്‍ കണ്ണട ധരിക്കുക.

ചെങ്കണ്ണ് ബാധിച്ചയാള്‍ ഉപയോഗിക്കുന്ന സോപ്പ്, തോര്‍ത്ത്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

കണ്ണില്‍ തൊട്ടാല്‍, കൈ കഴുകിയശേഷം മാത്രം മറ്റു ജോലി ചെയ്യുക.

ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍

കണ്ണുകള്‍ക്കു ചൊറിച്ചില്‍

കണ്‍പോളകള്‍ക്കു തടിപ്പ്

കണ്ണിനു ചൂട്

കണ്ണുകളില്‍ ചുവപ്പുനിറം

പീള കെട്ടല്‍

പ്രകാശം അടിക്കുമ്പോള്‍ അസ്വസ്ഥത

തലവേദന

ചിലര്‍ക്ക് പനിയും

എങ്ങനെ നിയന്ത്രിക്കാം

സ്വയം ചികില്‍സ ഒഴിവാക്കുക

ചെങ്കണ്ണ് വരുമ്പോഴേ സൂക്ഷിക്കുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൃത്യസമയങ്ങളില്‍ മരുന്ന് ഉപയോഗിക്കുക.

തുള്ളിമരുന്ന് കൃത്യമായി ഇടവേളകളില്‍ ഉപയോഗിക്കുക

നാലോ അഞ്ചോ ദിവസം കണ്ണിന് അസ്വസ്ഥതയുണ്ടാകുമെന്നൊഴിച്ചാല്‍ കാര്യമായ പ്രശ്നം ഉണ്ടാകാറില്ല.

ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

ആഹാരത്തില്‍ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം അനുവദിക്കുക. രാത്രിയുറക്കം ഉറപ്പാക്കുക.

ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി കണ്‍പോളകള്‍ വൃത്തിയാക്കണം.

രോഗം വന്നാല്‍ ടിവി, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം.