ചക്കിട്ടപ്പാറയില്‍ നന്നാക്കിയ റോഡില്‍ തന്നെ വീണ്ടും നവീകരണം; പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് പൊളിച്ച് പി.ഡബ്ല്യൂ.ഡി; മഴയില്‍ ചെളിയിലും വെള്ളത്തിലും യാത്ര ദുരിതത്തിലായി നാട്ടുകാര്‍


ചക്കിട്ടപ്പാറ: പെരുവണ്ണാമൂഴി പൂഴിത്തോട് റോഡ് നവീകരണത്തിനു ശേഷം വീണ്ടും പൊളച്ച് പി.ഡബ്ല്യൂ.ഡി. ജലസേജന വകുപ്പിന്റെ കീഴിലുള്ള തകര്‍ന്ന റോഡ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്ന് ഒന്നരമാസം മുന്‍പാണ് കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയതാണ്.

എന്നാല്‍ ആറ് മാസം മുന്‍പ് 19 കോടി വകയിരുത്തി പി.ഡബ്ല്യൂ.ഡി. ടെന്‍ഡര്‍ ചെയ്ത പെരുവണ്ണാമൂഴി പൂഴിത്തോട് റോഡിന്റെ പരിഷ്‌കരണ പ്രവര്‍ത്തിയുടെ ഭാഗമായാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് പൊളിച്ചത്.

കനത്ത മഴയിലാണ് ഇന്നലെ രാവിലെ ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിക്കാന്‍ തുടങ്ങിയത്. ഇതോടെ റോഡില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുകയും റോഡിലൂടെ യാത്ര ദുഷ്‌കരവുമായിരിക്കുകയാണ്.

റോഡു നവീകരണ പ്രവര്‍ത്തനത്തിന് വകുപ്പുകളുടെ ഏകോപനവും ദീര്‍ഘ വീക്ഷണമില്ലായ്മയുമാണ് ജനങ്ങള്‍ക്ക് ദുരിതമാവുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.