പുതുച്ചേരിയിൽ വാഹനാപകടത്തിൽ രാമനാട്ടുകര സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമനാട്ടുകര സ്വദേശിനി അരുണിമ പ്രേം ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. സർവകലാശാലയിലെ ഒന്നാംവര്‍ഷ എം എസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അരുണിമ.
ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.
വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മറില്‍ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്. ഇരുവരും അഭിരാമിയുടെ സഹപാടികളായിരുന്നു.
രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്‍റെയും കെ പി ശാലിനിയുടെയും മകളാണ് അരുണിമ. സഹോദരന്‍: അവനിഷ് പ്രേം. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.
അരുണിമ കൂട്ടുകാർക്കൊപ്പം താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.കാലാപ്പെട്ട പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.