ചങ്ങരോത്ത് പനംകുറ്റിക്കര സുഭാഷിന്റെ നിർമ്മാണത്തിലിരുന്ന വീട് തകർന്നു; കനത്ത മഴയിൽ ജില്ലയിൽ തകർന്നത് 20 വീടുകൾ


പേരാമ്പ്ര: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധ വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെയും ഇന്നുമായി മഴ തോരാതെ പെയ്യുകയാണ്. ജില്ലയിൽ 20 വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കാന് നാശ നഷ്ടങ്ങൾ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല.കനത്ത മഴയിൽ കൊയിലാണ്ടി കൂടാതെ വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനും കേടുപാട് സംഭവിച്ചു.

ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീട് ഭാ​ഗികമായി തകർന്നു. പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരു ഭാ​ഗത്തെ പില്ലറുകളും തകർന്ന നിലയിലാണ്.

ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നു വീണു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാ​ഗികമായി തകർന്നു. വീടിന്റെ അടുക്കള ഭാഗത്തു തെങ്ങ്, മാവ് എന്നീ മരങ്ങൾ വീണാണ് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുള്ളത്.

കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടു പൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. നല്ലളം വെള്ളത്തും പാടത്ത് മുഹമ്മദ് യൂസഫ് മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു.

തോരാതെ പെയ്യുന്ന മഴയിൽ ജലനിരപ്പും ഉയർന്നു. ഇന്നലത്തെ കണക്കു പ്രകാരം കൊയിലാണ്ടിയില്‍ 6.4ഉം വടകരയില്‍ 3.5ഉം കോഴിക്കോട് 7.6ഉം സെന്‍റിമീറ്റര്‍ മഴ പെയ്തു.