റെയില്‍വേ സമയപരിഷ്കാരം; വലഞ്ഞ് മലബാറിലെ യാത്രക്കാർ
കോഴിക്കോട്: ജനുവരി മുതൽ റെയില്‍വേ നടപ്പാക്കിയ ട്രെയിൻ സമയ പരിഷ്കാരത്തിൽ വലത്ത് മലബാറിലെ യാത്രക്കാർ. കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
കോഴിക്കോടു നിന്ന് ഉച്ചക്ക് 2.15ന് ട്രെയിൻ പുറപ്പെട്ടാല്‍ ശേഷം വൈകീട്ട് അഞ്ചിന് മാത്രമാണ് അടുത്ത വണ്ടിയുള്ളത്. നേരത്തേ 2.45ന് പുറപ്പെട്ട ട്രെയിൻ ആണ് അരമണിക്കൂർ നേരത്തേയാക്കിയത്. ഇരു ട്രെയിനുകള്‍ക്കുമിടയിലെ സമയ ദൈർഘ്യം കുറക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ എണ്ണമറ്റ നിവേദനങ്ങള്‍ പരിഗണിക്കാതെയാണ് ദൈർഘ്യം ഒന്നുകൂടി വർധിപ്പിച്ചത്.
06031 ഷൊർണൂർ- കണ്ണൂർ സ്പെഷല്‍ ട്രെയിനിന്റെ സമയത്തില്‍ മാറ്റം വരുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യവും പരിഗണിച്ചില്ല. കുറ്റിപ്പുറം മുതല്‍ ഫറോക്ക് വരെയുള്ള യാത്രക്കാരുടെ ചിലകാല ആവശ്യമാണിത്. ഉച്ചക്കുശേഷം 3.45ന് ഷൊർണൂരില്‍നിന്നു പുറപ്പെട്ടിരുന്ന ഈ ട്രെയിൻ അടുത്ത കാലത്തായി 3.00നാണ് പുറപ്പെടുന്നത്. ഇതുകാരണം മലബാറിലെ പല സ്റ്റേഷനുകളില്‍നിന്നും ഈ ട്രെയിനില്‍ കയറാൻ സാധിക്കാതെയായി. ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടിവ് എക്സ‌്പ്രസിന്‍റെ കോഴിക്കോട്ടെ സമയം 10.25 ആയി സ്ഥിരപ്പെടുത്തിയതും തിരിച്ചടിയായി.
വൈകീട്ട് 6.15ന് കോയമ്ബത്തൂർ- കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടു നിന്നു പോയാല്‍ പിന്നെ കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏക ആശ്രയം രാത്രി 10.25ന് എക്സിക്യുട്ടിവ് എക്സ്പ്രസ് മാത്രമാണ്. ഇതിനിടെ ഒരു ട്രെയിൻ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പരശുറാം എക്സ്പ്രസ് വൈകീട്ട് ഒരു മണിക്കൂറോളം കോഴിക്കോട് പിടിച്ചിടുന്നത് ഒഴിവാക്കാനും നടപടി ആയില്ല.
2.05 ന് പുറപ്പെടുന്ന കോഴിക്കോട് -കണ്ണൂർ പാസഞ്ചറിനെ താംബരം – മംഗളൂരു എക്സ് പ്രസിനുവേണ്ടി സ്ഥിരമായി വടകരക്ക് മുമ്പ് പിടിച്ചിടുന്ന രീതിയിലാണ് പുതിയ ടൈം ഷെഡ്യൂള്‍. പകരം ഈ വണ്ടി മൂന്നിന് കോഴിക്കോടു നിന്ന് പുറപ്പെടുന്ന രീതിയില്‍ ആക്കിയിരുന്നെങ്കില്‍ ഒരുപാട് പേർക്ക് ഉപകാരമാവുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
Summary: Railway timings; Travelers in Malabar are stranded