ഡ്രൈവിങ് ലൈസൻസ് പിവിസി പെറ്റ് ജി കാർഡിലേക്ക് മാറ്റേണ്ടേ? സുരക്ഷാ ഫീച്ചറുള്ള കാർഡിനായി നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമെന്ന് വിശദമായി നോക്കാം
കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിലേക്ക് മാറുകയാണ്. നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.
സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറും. എന്നാൽ ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പലർക്കും വ്യക്തമായ ധാരണ ഇല്ലാത്ത. ഇത്തരക്കാർക്ക് വേണ്ടി രഞ്ജിത്ത് കന്നക്കാട്ടിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് വെെറലാകുന്നു.
ലൈസൻസ് പിവിസി കാർഡിലേയ്ക്ക് എല്ലാവരും നിർബന്ധമായും മാറ്റണമല്ലോ. 31/03/2024 ന് ശേഷമാണ് ലൈസൻസ് മാറ്റുന്നതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള 1000 രൂപ അധികമായി നൽകേണ്ടി വരും. (ഇപ്പോൾ 245, അപ്പോൾ 1305)
ഇതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധാരണ ഇല്ലാത്തവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.
1. 50 KB യിൽ താഴെ സൈസ് ഉള്ള പാസ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പിന്റെ ഫോട്ടോ, 500kb യിൽ താഴെയുള്ള ലൈസൻസിന്റെ പിഡിഎഫ് എന്നിവ തയ്യാറാക്കി വക്കുക.
2. https://sarathi.parivahan.gov.in/sarathiservice/stateSelection.do എന്ന ലിങ്ക് സന്ദർശിക്കുക (വെബ്സൈറ്റിലുണ്ടായിരുന്ന പേമെന്റുമായി ബന്ധപ്പെട്ട ഒരു Glitch ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്)
3. “Please select the State from where the service is to be taken” എന്ന് ചോദിക്കുമ്പോൾ ഡ്രോപ് ഡൗൺ മെന്യുവിൽ നിന്നും “Kerala” എന്ന് തെരഞ്ഞെടുക്കുക.
4. തുടർന്ന് പ്രത്യക്ഷപ്പെടുന്ന് പേജിൽ ‘DL Services (Replace of DL/Others) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
5. തുടർന്ന് വരുന്ന പേജിൽ സ്റ്റെപ്പുകൾ എഴുതിയിട്ടുണ്ടാകും. വായിച്ചാൽ താഴെപ്പറയുന്ന പ്രധാന നാല് സ്റ്റെപ്പുകളുണ്ടാകും.
അ) ഓൺലൈൻ അപേഷാഫോറം ഫിൽ ചെയ്യുക
ആ) ലൈസൻസ് അപ്ലോഡ് ചെയ്യുക
ഇ) ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക
ഈ) ഫീ പേമെന്റ് ചെയ്യുക
NB 1 : കേരളത്തിലെ നിലവിലെ ലൈസൻസ് നമ്പർ RR/NNNN/YYYY എന്ന ഫോർമാറ്റിലായിരിക്കും. അതായത് RTO code / License No. / Year. അത് അതേപടി പരിവാഹനിൽ എന്റർ ചെയ്താൽ ലൈസൻസ് നിലവിലില്ല എന്ന എറർ സന്ദേശം ലഭിക്കും. അതിനെ ചെറുതായൊന്ന് മാറ്റി വേണം എന്റർ ചെയ്യാൻ.
ഒരാളുടെ ലൈസൻസ് നമ്പർ 47/1234/2015 എന്നാണെങ്കിൽ പരിവാഹനിൽ അത് നൽകേണ്ടത് താഴെ പറയും വിധമാണ്
KL4720150001234
(KL RTO Code Year Three zeroes Licence Number എന്ന ഫോർമാറ്റ്)
NB 2: 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജ്ജും അടക്കം 245 രൂപ ആണ് മൊത്തം ചിലവ്.