വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, പാണ്ടിക്കോടിന് സ്വപ്ന സാക്ഷാത്കാരമായി പുത്തന്‍ റോഡ്; പുറ്റംപൊയിൽ – നെല്ല്യാടിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണ്ടിക്കോടുകാരുടെ സ്വപ്നമായ പുറ്റം പൊയിൽ-നെല്ല്യാടിക്കണ്ടി റോഡ് യാഥാര്‍ഥ്യമായി. പുത്തന്‍ റോഡ് വാര്‍ഡ് കണ്‍വീനര്‍ പുതുക്കുടി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മെമ്പര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ ഗ്രൗണ്ടായും നാട്ടുകാർ കൃഷി നിലമായുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്ന, പതിറ്റാണ്ടുകളായി സ്വത്ത തര്‍ക്കത്തില്‍ അകപ്പെട്ട് കിടന്ന സ്ഥലത്താണ് വര്‍ഷങ്ങളുടെ ശ്രമഫലമായി റോഡ് നിലവില്‍ വന്നത്. കേസ് സംബന്ധമായ പ്രശ്നങ്ങള്‍ 40 വർഷത്തിനു ശേഷം കോടതി വിധിയിലൂടെ പരിഹരിക്കപ്പെടുകയും പിന്നീട് സ്ഥലത്തിന്റെ ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് അവര്‍ റോഡിനായി സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാവുകയുമായിരുന്നു.
3 മീറ്റർ വീതിയിലും 132 മീറ്റർ നീളത്തിലും 5 ലക്ഷം രൂപ വകയിരുത്തി മഹാത്മാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. അങ്കണവാടിയും,കോളനിയും ഉൾപ്പെടെയുള്ള ഈ പ്രദേശത്ത് നേരത്തേ റോഡ് വരേണ്ടതായിരുന്നുവെന്നും വര്‍ഷങ്ങള്‍ എടുത്താണെങ്കിലും ഈ റോഡ് കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും പാണ്ടിക്കോട് വാര്‍ഡ് മെമ്പര്‍ പി.കെ.രാഗേഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ചടങ്ങില്‍ ബാബു കൈതാവില്‍ സ്വാഗതവും മനോജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. റഷീദ് പുറ്റംപൊയില്‍, വി.കെ.രമേശന്‍ മാസ്റ്റര്‍, പ്രതീഷ് നടുക്കണ്ടി,അഷ്റഫ് ചാലില്‍, റിയാസ് പുറ്റംപൊയില്‍, രേഖ പൂളയുള്ള പറമ്പില്‍,സീനത്ത് ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.