അപകടമേഖലയായി പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്; ആറുവരിപ്പാതയിലേക്കുള്ള വഴി അടച്ചു, വഴിമുട്ടി പ്രദേശവാസികൾ


വടകര : ദേശീയപാത ആറുവരിയാക്കി വികസിപ്പിച്ചതോടെ സ്ഥിരം അപകടമേഖലയായി പുതുപ്പണം അരവിന്ദ് ഘോഷ് റോഡ്.ഇതോടെ സർവീസ് റോഡിൽ നിന്ന്‌ ദേശീയപാതയിലേക്ക് കടക്കുന്ന വഴി അടച്ചു. ഇന്നലെ അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് വഴി അടച്ചത്.

വടകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുമൊക്കെ ഇതുവഴിയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വഴി അടച്ചതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി.

പുതുപ്പണം മേഖലയിൽ ദേശീയപാതയുടെ കിഴക്കുവശത്തുള്ളവർക്ക് വടകരയിലേക്ക് പോകണമെങ്കിൽ ബസ് കയറാൻ പടിഞ്ഞാറുവശത്തേക്ക് പോകണം. പടിഞ്ഞാറുവശത്തുള്ളവർക്ക് മൂരാട് ഭാഗത്തേക്ക് പോകാൻ കിഴക്കുഭാഗത്തേക്കും വരണം. അരവിന്ദ് ഘോഷ് റോഡിൽഈ ഒഴിച്ചിട്ട ഭാഗം വഴിയായിരുന്നു യാത്രക്കാർ ദേശീയപാത മുറിച്ചുകടന്നിരുന്നത്. ഇനി ഈ ഭാ​ഗത്ത് കൂടെ ഇറങ്ങാൻ കഴിയില്ല. പഴയ ചീനംവീട് സ്കൂൾ പരിസരത്തുനിന്നു വേണം ഇനി കയറാൻ. പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് അധികൃതർ ഉടൻ പരിഹാരം കാണണമെന്നാവശ്യം ഉയർന്ന് കഴിഞ്ഞു.