‘സംഗീത ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചതില്‍ അഭിമാനം’; മുഖ്യമന്ത്രിയുടെ മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശി ജയപ്രസാദ്. മികച്ച ജനകീയ ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അവാർഡാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ജയപ്രസാദിന് ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർക്ക് ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് 1500 ഓളം ബോധവൽക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്.

സാധാരണ ബോധവൽക്കരണ ക്ലാസുകളിൽ നിന്നും വ്യത്യസ്തമായി സംഗീത പ്രാധാന്യം നൽകിയാണ് ക്ലാസുകൾ എടുക്കാറ്. വിമുക്തി മിഷനിലൂടെ പാട്ട്‌ ലഹരി എന്ന പദ്ധതി രൂപത്തിലാണ് ആളുകൾക്ക് ക്ലാസ് എടുക്കാറുള്ളതെന്ന് ജയപ്രസാദ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മുപ്പത് വർഷത്തിലധികമായി സംഗീതത്തോടും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യം നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. കീബോർഡ്, വയലിൻ തുടങ്ങിയവ ഉപയോഗിച്ച് പാട്ടിലൂടെ ബോധവൽക്കരണ ക്ലാസുുകൾ നടത്താറ്. ഇത് കാണികൾ ഏറെ ശ്രദ്ധയാകർഷിക്കുമെന്നും പാട്ടിന് ഇടയിലൂടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ദൂഷ്യഫലങ്ങളും മറ്റും മറ്റുള്ളവർക്ക് പ്രയോജകരമായി മനസ്സിലാക്കികൊടുക്കാനും സാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2002 ൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൻ നിന്നായിരുന്നു തുടക്കം. പിന്നീട് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിലേയ്ക്ക് മാറുകയായിരുന്നു. എക്‌സൈസിൽ 20 വർഷത്തെ സർവ്വീസിനിടെ നിരവധി ബോധവൽക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്. മയക്കുമരുന്നിന് എതിരായുള്ള നിരവധി ഗാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

2022 ൽ കോഴിക്കോട് ജില്ലയിലെ മികച്ച വിമുക്തിമിഷൻ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു. നിലവിൽ വടകര എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് ജയപ്രസാദ്. ഇതുവരെ നൂറോളം ലഹരിക്കടിമകളായവരെ ബോധവൽക്കരണത്തിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അതിലുപരി ബോധവൽക്കരണ ക്ലാസുകൾ ജനകീയമാക്കാനും എവിടെച്ചെന്നാലും ആളുകളുടെ ഇടയിൽ വലിയ മതിപ്പ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ജനങ്ങളിൽ വിശ്വാസമുണ്ടാക്കാനും എന്തും തുറന്ന് പറയാനുള്ള തരത്തിൽ തന്നെ സ്വീകരിച്ചത് വളരെ സന്തോഷമുണ്ടെന്നും ജയപ്രസാദ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എക്‌സൈസിന് ജനകീയത കൈവരിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഗുണമെന്നും വടകര മുൻസിപ്പാലിറ്റിയിലെ എല്ലാ കൗൺസിലർമ്മാരും സാധാരണക്കാരായ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. [mid5]