തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ടൗണില്‍ ഇന്ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും
വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എല്‍.ഡി.എഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവള്ളൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിനിടെയാണ് എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചത്. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി സഫീറ, 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.
ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്‌ട്രീയ പാർടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെന്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ് എൽ.ഡി.എഫ് ജനപ്രതിനിധികള്‍ ആരോപിക്കുന്നത്. പഞ്ചായത്തിലെ കുനിവയലിൽ സെന്റിന് 40,000 രൂപ വിലയിൽ ഭൂമി വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണനേതൃത്വം മാറിയതായും എല്‍.ഡി.എഫ് ആരോപിക്കുന്നുണ്ട്.
Description: protest over LDF women panchayat members being attacked in Tiruvallur