കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ രാത്രികാല ഖനനം ചോദ്യം ചെയ്തു; സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്


കീഴരിയൂര്‍: തങ്കമല ക്വാറിയിലെ രാത്രികാല ഖനനം ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.സുനില്‍, ലോക്കല്‍കമ്മിറ്റി മെമ്പര്‍ ഷംസീര്‍, കെ.പി അമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചു.

ക്വാറിയുടെ പ്രവര്‍ത്തനം രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായി നിശ്ചിയിക്കണമെന്നും രാത്രികാല പ്രവര്‍ത്തനം പാടില്ലെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഒരുതവണ രാത്രികാല പ്രവര്‍ത്തനം തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രാത്രികാല പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്ന് ഇത് വീണ്ടും പ്രവര്‍ത്തിക്കാനുള്ള ശ്രമം നടത്തുകയും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരെ അറസ്റ്റു ചെയ്തത്.

നാളെ വൈകുന്നേരം നാലുമണിക്ക് ക്വാറി കമ്പനിയുമായി മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന തീരുമാനമെടുത്തിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രദേശവാസികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ക്രഷര്‍ യൂണിറ്റ് രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് വീടുകളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ലോക്കല്‍ സെക്രട്ടറി സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതും അദ്ദേഹം വ്യക്തമാക്കി.