ആക്ഷന്‍ കമ്മിറ്റിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ബോര്‍ഡുകളും പതാകകളും നശിപ്പിച്ചു; കായണ്ണ ചന്ദനവയലിലെ രവി സിദ്ധനെന്ന ആള്‍ ദൈവത്തിനെതിരെ പ്രതിഷേധം


പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് ചന്ദനവയലിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവി എന്ന രവി സിദ്ധനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. ആക്ഷന്‍ കമ്മിറ്റി പ്രദേശത്ത് സ്ഥാപിച്ച ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.

വിശ്വാസികളെ സാമ്പത്തികവും മാനസികവുമായി ചൂഷണം ചെയ്യുന്നുവെന്ന ആരോപണം രവി സിദ്ധനെതിരെ നേരത്തേ ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ കുറച്ച് കാലം ജയിലില്‍ കഴിഞ്ഞു. ഇതിനി ശേഷമാണ് നാട്ടുകാര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരുന്നത്.

ചാരുപറമ്പിൽ രവി


ഒരിടവേളയ്ക്ക് ശേഷമാണ് രവി സിദ്ധന്‍ ചാരുപറമ്പില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നല്‍കാനെന്ന പേരില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നാട്ടുകാര്‍ക്കെതിരെ ഇയാള്‍ക്കൊപ്പമുള്ളവര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും വരെ വെല്ലുവിളിക്കുന്ന സ്ഥിതി ഉണ്ടായതോടെയാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരണവും പ്രതിഷേധവും ആരംഭിച്ചത്.

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.ടി.ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാലകൃഷ്ണന്‍ മണികുലുക്കി, എം.ചോയ്, കെ.പി.സത്യന്‍, എന്‍.പി.ഗോപി, എ.സി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി അംഗം എ.സി.ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ബാബു നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് എ.സി.സതി, എം.ഋഷികേശന്‍, ജോസഫ് പൂഞ്ഞേട്ടില്‍, എന്‍.പത്മജ, ടി.കെ.രവി, കെ.രമേശന്‍, ശവരാമന്‍, എ.സി.ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.