കൂത്താളി കൃഷിഫാമില്‍ ഇനി ആടും പോത്തും താറാവും കോഴിയുമൊക്കെ വളരും! കൃഷി വകുപ്പ് അനുവദിച്ചിരിക്കുന്നത് 7.63 കോടി രൂപയുടെ പദ്ധതി


പേരാമ്പ്ര: കൂത്താളി ജില്ലാ കൃഷിഫാമില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും മത്സ്യക്കൃഷിക്കും പദ്ധതി. 7.63 കോടിയുടെ പദ്ധതിയാണ് ആര്‍.ഐ.ഡി.എഫില്‍ കൂത്താളി കൃഷിഫാമിന് അനുവദിച്ചിരിക്കുന്നത്. പോത്ത്, കോഴി, താറാവ്, ആട് എന്നിവയെയാണ് വളര്‍ത്തുക.

പോത്തുപരിപാലനത്തിന് 48.54 ലക്ഷം, കോഴിവളര്‍ത്തലിന് 16.76 ലക്ഷം, താറാവ് വളര്‍ത്താന്‍ 3.22 ലക്ഷം, ആട് വളര്‍ത്താന്‍ 10.40 ലക്ഷം, മത്സ്യക്കൃഷിക്ക് 6.56 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതാണ് മറ്റൊരു പുതിയ പദ്ധതി. ഇതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാന്‍ 75 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

ഫാമിലെ ജലസേചനസൗകര്യം മെച്ചപ്പെടുത്താന്‍ 63.92 ലക്ഷം, ഭൂവികസന പ്രവൃത്തികള്‍ക്ക് പത്തുലക്ഷം, മൂന്നു മഴമറ നിര്‍മിക്കാന്‍ 22.92 ലക്ഷം, നാല് മിസ്റ്റ് ചേംബര്‍ നിര്‍മിക്കാന്‍ 18.92 ലക്ഷം, ബഡ്ഡിങ്ങിനും ഗ്രാഫ്റ്റിങ്ങിനുമുള്ള ഷെഡ് നിര്‍മിക്കാന്‍ 76.60 ലക്ഷം, ചുറ്റുമതില്‍ നിര്‍മിക്കാന്‍ 2.48 കോടി, ഫാമിനകത്ത് സഞ്ചരിക്കാനുള്ള റോഡ് നിര്‍മിക്കാന്‍ 23.93 ലക്ഷം, ഓഫീസ് കെട്ടിടം ട്രെയിനിങ് സെന്റര്‍, ശൗചാലയം, വെയിറ്റിങ് ഷെഡ് നിര്‍മാണം എന്നിവയ്ക്കായി 88.83 ലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.

രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ 78 ലക്ഷത്തിന്റെ പദ്ധതിയും കൂത്താളി കൃഷിഫാമില്‍ നടപ്പാക്കും. സസ്യങ്ങളുടെ ഗുണമേന്‍മയുള്ള ലെയറുകള്‍, ഗ്രാഫ്റ്റുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനായി സയേണ്‍ ബാങ്ക്, റൂട്ട് സ്റ്റോക്ക് നഴ്സറി എന്നിവയ്ക്ക് 15 ലക്ഷം, സോളാര്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ മൂന്നുലക്ഷം, ചുറ്റുമതിലും വേലിയും നിര്‍മിക്കാന്‍ 60 ലക്ഷം എന്നിങ്ങനെയാണ് ഇതില്‍ വകയിരുത്തിയത്. നൂറേക്കറോളം വരുന്ന കൃഷിഫാമില്‍ രണ്ടര ഏക്കര്‍വീതമായി തിരിച്ച 21 ഫീല്‍ഡുകളിലായാണ് കൃഷി.

കൂത്താളിയില്‍ 2015 മുതല്‍ ഡെയറിഫാമില്‍ പശുവളര്‍ത്തുന്നുണ്ട്. ഇതില്‍നിന്നുള്ള ചാണകം ഫാമില്‍ വളമായി ഉപയോഗിക്കുകയും പാല്‍സൊസൈറ്റിയില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നു. 12 പശുക്കളാണ് ഇപ്പോള്‍ ഫാമിലുള്ളത്. പത്തു പശുക്കളെക്കൂടി വാങ്ങും. കൂടുതല്‍സ്ഥലം ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനപ്രകാരമാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ഫാം ടൂറിസം വിപുലീകരിക്കാനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.

നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.