ലൈബ്രറി രംഗത്തെ മികച്ച പ്രവർത്തനം; പ്രൊഫ.ശ്രീധരൻ വേക്കോട് എൻഡോവ്മെൻ്റ് കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്ക് സമർപ്പിച്ചു
വടകര: കവിയും ഗാനരചയിതാവും മടപ്പള്ളി ഗവൺമെൻ്റ് കോളേജ് അധ്യാപകനും യുവകലാസാഹിതി ജില്ലാ പ്രസിഡണ്ടുമായിരുന്ന പ്രൊഫസർ ശ്രീധരൻ വേക്കോടിൻ്റെ സ്മരണക്കായി പ്രഭാത് ബുക്ക് ഹൗസും യുവ കലാസാഹിതി വടകര മണ്ഡലം കമ്മറ്റിയും ഏർപ്പെടുത്തിയ പ്രൊഫസർ ശ്രീധരൻ വേക്കോട് എൻഡോവ്മെൻ്റ് 2024 കൈമാറി. ലൈബ്രറി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്കാണ് എൻഡോവ്മെൻ്റ് ലഭിച്ചത്.
കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മലയാളം സർവ്വകലാശാല റജിസ്ട്രാർ ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു. കെ.എം.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭവന നിർമ്മാണ ബോർഡ് ചെയർമാനും, പ്രഭാത് ബുക്ക് ഹൗസ് ഡയരക്ടരുമായ ടി.വി.ബാലൻ എൻഡോവ്മെൻ്റ് സമർപ്പിച്ചു.
ടി.പി.രാജീവൻ, സൈദ് കുറുന്തോടി, കെ.എം.കെ.കൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ലൈബ്രറിക്കു നൽകുന്ന 10,000 രൂപയുടെ പുസ്തകങ്ങൾ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുരുവട്ടൂർ, ലൈബ്രേറിയൻ ഒ.എം.ഗീതക്ക് കൈമാറി.
ചടങ്ങിൽ നോവലിസ്റ്റ് വിജയൻ മടപ്പള്ളി, എം.സി.നാരായണൻ എന്നിവർ സംസാരിച്ചു. സ്മയ, ധ്വനി എന്നിവർ ഗാനാലാപനം നടത്തി. യുവകലാസാഹിതി വടകര മണ്ഡലം സെക്രട്ടരി എൻ.പി.അനിൽകുമാർ സ്വാഗതവും,
സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു.
Summary: Excellent work in the field of libraries; Prof. Sreedharan Vecode Endowment Kurundhodi was dedicated to Tunchan Memorial Library