സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കും; വടകര തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
വടകര: വടകര – തൊട്ടില്‍പ്പാലം റൂട്ടില്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് പിൻവലിച്ചു. സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പിനെ തുടർന്നാണ് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചത്. നാദാപുരം ഡി.വൈ.എസ്.പി ചന്ദ്രനുമായി ബസ്സ് ഉടമകള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.
വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ ട്ര്യൂഷന് പോകുന്ന കുട്ടികള്‍ക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കള്‍ ബസ്സ് തടഞ്ഞിരുന്നു. ബസിൻ്റെ ട്രിപ്പ് മുടങ്ങുകയും ബസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതിനെ തുടർന്ന് ബസ് ജീവനക്കാർ നദാപുരം സ്റ്റേഷനില്‍ പരാതിയുമായി വന്നെങ്കിലും പോലീസ് സ്റ്റേഷനില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതായി തൊഴിലാളികള്‍ ആരോപിക്കുന്നു. തുടർന്നാണ് തൊഴിലാളികൾ പണിമുടക്കുമായി രംഗത്ത് വന്നത്.
സ്വകാര്യ ട്യൂഷന് പോകുന്ന വിദ്യാർത്ഥികള്‍ക്ക് പാസ് അനുവദിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികളുടെ പാസില്‍ രേഖപ്പെടുത്തിയ പ്രകാരം വീടിനടുത്തുള്ള സ്റ്റോപ്പില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ സ്റ്റോപ്പ് വരെയും തിരിച്ചും മാത്രമേ പാസ് അനുവദിക്കാൻ നിയമമുള്ളു എന്നാണ് ബസ് ജീവനക്കാരുടെ വാദം.