ഡ്രൈവര്‍ ജയിലില്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും ബസുകള്‍ ഓടില്ല, 56 ബസുകള്‍ക്കെതിരെ നിയമനടപടിയുമായി ആര്‍.ടി.ഒയും


പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സുകള്‍ ഓടില്ല. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നും ബസ്സുകള്‍ പണി മുടക്കുന്നത്.

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിന്റെ പിന്‍വാതിലിന്റെ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ബസ് ഡ്രൈവറെ കോടതി റിമാന്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ജയിലിലായ ഡ്രൈവര്‍ക്ക് നീതി ലഭിക്കും വരെ ജോലി ചെയ്യില്ലെന്നാണ് പണിമുടക്കുന്നവര്‍ പറയുന്നത്. മിന്നല്‍ പണിമുടക്ക് മൂലം യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒയുടെ ഇടപെടലിനെ തുടര്‍ന്ന് 10 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി. ഇന്നും സമരം തുടരുമെന്നതിനാല്‍ യാത്രക്കാര്‍ പ്രയാസത്തിലാകും. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 56 സ്വകാര്യ ബസുകള്‍ക്കെതിരെ പെര്‍മിറ്റ് നിയമലംഘനത്തിന് നടപടി സ്വീകരിക്കാന്‍ പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ വടകര ആര്‍.ടി.ഒയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.