വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ


വടകര :വടകര തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. തൊട്ടിൽപ്പാലം ഭാ​ഗത്തേക്ക് ബസ് ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. എഴുപതോളം ബസുകളാണ് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്.

ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, കൈനാട്ടി- നാദാപുരം മേഖലയിലെ യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ ഭാഗമായി വലിയ രീതിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്.

ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി ഓർക്കാട്ടേരി നാദാപുരം, കക്കട്ട്, കുറ്റ്യാടി ടൗൺ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബസ്സുകൾക്ക് സമയക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.ബന്ധപ്പെട്ടവർ ഇതിന് പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് തൊഴിലാളികൾ നീങ്ങുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.