മരണത്തിന് തൊട്ടുമുമ്പ് നെഞ്ചിലും തലയ്ക്കും ക്ഷതമേറ്റു, കയ്യിലും കാലിലും പുറത്തും മുറിവുകള്‍; കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹത


കോഴിക്കോട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതത്തിന് പുറമെ ജംഷിദിന്റെ കയ്യിലും കാലിലും പുറത്തും മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി.

ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത് എന്നതിന് തെളിവുകളില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഒരു റെയില്‍വേ ട്രാക്കിലെ രണ്ട് ഇരുമ്പുപാളികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നിടിച്ചാല്‍ മൃതദേഹം ചിതറിപ്പോകുമായിരുന്നു. കുറഞ്ഞ വേഗതയില്‍ ട്രെയിന്‍ വന്ന് ഇടിച്ചാല്‍ പോലും മൃതദേഹം മാറിക്കിടന്നേനെ.

മൃതദേഹത്തില്‍ കണ്ട മുറിവുകളും ട്രെയിന്‍ ഇടിച്ച് ഉണ്ടായതാണെന്ന് തോന്നാത്തതുമെല്ലാമാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നാന്‍ ഇടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജംഷിദിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

ഒമാനില്‍നിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കര്‍ണാടകയില്‍ പോയത്. യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ കണ്ടില്ലെന്നുമാണു സുഹൃത്തുക്കളുടെ മൊഴി. എന്നാല്‍ ഇത് അവിശ്വസനീയമാണെന്നു ചൂണ്ടിക്കാട്ടി ജംഷിദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മാണ്ഡ്യ പൊലീസ് ആണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്. ആദ്യം ജംഷിദിനൊപ്പം ഉണ്ടായിരുന്ന മൂന്നു കൂട്ടുകാര്‍ക്കെതിരെയാണ് കുടുംബം സംശയം ഉന്നയിച്ചത്. എന്നാല്‍ ജംഷിദ് ആത്മഹത്യ ചെയ്‌തെന്നാണ് ഇവരുടെ വാദം. യാത്രയില്‍ ഉടനീളം ജംഷിദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇവര്‍ പറയുന്നു.