കണ്ണൂരിൽ നിന്നും മോഷണക്കേസ് പ്രതിയുമായിപോയ പൊലീസ് ജീപ്പ് ഇടിച്ച് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു, നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: വയനാട് നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാരനെ ഇടിച്ച് പൊലീസ് ജീപ്പ് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വഴിയോര കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവിനു സമീപം ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന ആറാട്ടുതറ തോട്ടുങ്കൽ ശ്രീധരനാണ് (65) മരിച്ചത്.
കണ്ണൂരിൽനിന്നു മോഷണക്കേസ് പ്രതിയുമായി പോകുമ്പോൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ജീപ്പിലുണ്ടായിരുന്ന പ്രതിക്കും 3 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
മോഷണക്കേസ് പ്രതിയായ കണ്ണൂർ മാഹി സ്വദേശി കോറോം ചമൻ പ്രബീഷിനെയും കൊണ്ട് വരുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ ഉടൻ ആശുപത്രിയി ലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷിക്കാനായില്ല. മഴ പെയ്തതിനാൽ പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച ജീപ്പ് ആൽമരത്തിന്റെ തറയിൽ ഇടിച്ച് തലകുത്തനെയാണ് നിന്നത്.

തേഞ്ഞ ടയറാണ് ജീപ്പിന്റേതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപിച്ച് നാട്ടുകാർ സംഭവ സ്ഥലത്ത് പ്രതിഷേധിച്ചു. അപകടത്തിൽപ്പെട്ട പൊലീസ് ജീപ്പ് മാറ്റാൻ അനുവദിക്കാതെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ആര്‍ടിഒ വരാതെ വാഹനം നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. തുടർന്ന് ആര്‍ടിഒ സ്ഥലത്തെത്തി നാട്ടുകാര്യമായി സംസാരിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Summary: Police jeep carrying a theft suspect from Kannur overturns; roadside vendor dies, locals protest