രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് മുതുകാട് സ്വദേശി അറസ്റ്റിൽ
പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു.
ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ് അറസ്റ്റു ചെയ്തു. ഫാം ഉടമയായ തോമസ് മാത്യുവും ജോലിക്കാരനായ ബാബുവും ചേർന്ന് ചാരായം ഉല്പാദിപ്പിച്ച് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് 3.75 ലിറ്റർ വാറ്റുചാരായം കണ്ടെത്തിയത്. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ഫാം ഉടമ സംഭവം അറിഞ്ഞ് ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ചാരായ നിർമ്മാണത്തി നെതിരെയും, വ്യാജ മദ്യ വില്പനയ്ക്കെതിരെയും പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെ ന്ന് പെരുവണ്ണാമുഴി പോലീസ് ഇൻസ്പെക്ടർ മനോജ് പി.എം അറിയിച്ചു.