ലഹരി മാഫിയയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ പരിശോധന ശക്തമാക്കി പോലീസ്; ഇന്ന് നടത്തിയ പരിശോധനയ്ക്കിടെ പോലീസിനെ അക്രമിച്ച് കോളേജ് വിദ്യാര്‍ത്ഥി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഡ്യൂട്ടിയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് ചിത്രാടാക്കീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. എസ്.ഐ.ജിതേഷ്, ഗ്രേഡ് എസ്.ഐ, അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനുരാജ് എന്നിവര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ സ്വകാര്യ കോളെജിലെ ഡിഗ്രി വിദ്യാര്‍ത്ഥി അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിന്‍ (23) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഭാഗത്ത് ലഹരിവിപണനം വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചിത്രടാക്കീസിന് സമീപത്തുവെച്ച് കുറഞ്ഞ അളവില്‍ ഒരാളില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധന നടക്കുന്നതിനിടെ സമീപത്ത് സിഗരറ്റ് വലിച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ത്ഥി പൊടുന്നനെ അക്രമിച്ചതെന്ന് പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ആക്രമണത്തില്‍ എസ്‌ഐയ്ക്ക് കൈയ്ക്കാണ് പരുക്കേറ്റത്. സീനിയിര്‍ സിവില്‍ പോലീസ് ഓഫീസറായ സിനു രാജിന് നെഞ്ചിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി നഗരത്തില്‍ ലഹരിമാഫിയ സജീവമായതിനെതുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്. പലരില്‍ നിന്നും കുറഞ്ഞ അളവില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ അളവായതിനാല്‍ പലരെയും കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയയ്ക്കുകയാണ് പതിവ്.

Summary: Police intensify investigation against drug mafia in Koyilandi; College student attacked police during inspection today