കവി ശ്രീനിവാസൻ തൂണേരി എമേർജിംഗ് മലയാളം പോയറ്റ് അവർഡ് ഏറ്റുവാങ്ങി


നാദാപുരം: ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി. എറണാകുളത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ വച്ച് ബംഗാൾ ഗവർണർ ഡോ:സി.വി. ആനന്ദബോസാണ് കവി ശ്രീനിവാസൻ തൂണേരിക്ക് പുരസ്കാരം സമ്മാനിച്ചത്.

ഫലകവും പ്രശസ്തി പത്രവും 10,000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം. ഫെസ്റ്റിവൽ ഓഫ് കേരള ബംഗാൾ ഡയസ്പോറയുടെ ഭാഗമായാണ് എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് ഏർപ്പെടുത്തിയത്.

സ്‌കൂൾ കാലം മുതൽ ശ്രീനിവാസൻ കവിത ചരനയിൽ സജീവമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കവിതാ രചനയിൽ നാലുതവണ ഒന്നാമതെത്തിയിട്ടുണ്ട്. തിരൂർ തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്ക്‌കാരം, അങ്കണം സാംസ്ക്കാരിക വേദി ടി.വി.കൊച്ചുബാവ സ്‌മാരക കവിതാ അവാർഡ്, എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാരം, നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ്, ഉത്തര കേരള കവിതാ സാഹിത്യ വേദി അക്കിത്തം സ്മാരക പുരസ്ക്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നാദാപുരം തൂണേരി സ്വദേശിയായ ശ്രീനിവാസൻ ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള തൂണേരി വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യുന്നു.

Summary: Poet Srinivasan Thuneri received the Emerging Malayalam Poet Award