വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു; നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും, നവംബർ 12 മുതൽ ഗതാഗത നിയന്ത്രണം


വടകര: വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാകുന്നു. നവകേരള സദസ്സിൽ നഗരസഭ കൗൺസിലർ പ്രഭാകരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവർത്തിയുടെ ഭാഗമായി റോഡിന് കുറുകെ കൽവർട്ട് നിർമ്മിക്കുന്നു. നിർമ്മാണ പ്രവൃത്തികൾക്ക് മുന്നോടിയായി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭ ചെയർപേഴ്സൺ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു.

വടകര ഡി.വൈ.എസ്.പി, പിഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ, വ്യാപാര വ്യവസായ സമിതി, മർച്ചന്റ് അസോസിയേഷൻ, വിവിധ ഓട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ, ബസ് ഓണർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നവംബർ 12 മുതൽ ട്രാഫിക് ക്രമീകരണമേർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ജെ.ടി റോഡ് പെട്രോൾ പമ്പ് കഴിഞ്ഞ് റോഡ് ക്ലോസ് ചെയ്യും. പെരുവട്ടംതാഴ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ രാകേഷ് ഹോട്ടലിനു സമീപത്തുള്ള റോഡ് വഴി മാർക്കറ്റ് റോഡിലേക്ക് ഇറങ്ങുന്നതിനും, മാർക്കറ്റ് റോഡും ലിങ്ക് റോഡും വൺവേ ഒഴിവാക്കി ടൂവേ സംവിധാനം ആക്കി മാറ്റാനും തിരുവള്ളൂർ റോഡിൽ നിന്ന് ആശുപത്രി ഭാഗത്ത് പോകുന്ന ചീരാംവീട്ടിൽ റോഡിൽ വൺവേ സൗകര്യമാക്കാനും തീരുമാനിച്ചു.

മാർക്കറ്റ് റോഡിലുള്ള ലോഡിങ് ആൻഡ് അൺലോഡിങ്ങിനും സമയ ക്രമീകരണം ഏർപ്പെടുത്തി. രാവിലെ ആറുമണി മുതൽ എട്ടു മണിവരെയും, ഉച്ചയ്ക്ക് 12 മണിമുതൽ മൂന്നു മണിവരെയും ആക്കി സമയം ക്രമീകരിക്കും. ഈ തീരുമാനത്തോട് വടകരയിലെ പൊതുസമൂഹം സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Summary: Permanent solution to waterlogging problem on Vadakara Jetty Road; Renovation work will start soon, traffic control from November 12