പൊന്നോമനകളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ഈ അമ്മമാരെ നിങ്ങള്‍ക്കും സഹായിക്കാം; ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്കായി ഒരു തൊഴില്‍ സംവിധാനം ഒരുക്കാന്‍ പൊതുജനങ്ങളുടെ കൂടി സഹായം തേടി പേരാമ്പ്ര പഞ്ചായത്ത്
പേരാമ്പ്ര: കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഓരോ ദിനങ്ങളും ആഘോഷമാക്കുകയാണ് നമ്മൾ. ഇഷ്ട സ്ഥലങ്ങൾ സന്ദർശിച്ചും ഭക്ഷണങ്ങളും വസ്ത്രങ്ങളുമെല്ലാമായി നാം ആവേശത്തിലാണ്, കൊവിഡ് കവർന്ന ദിനങ്ങൾ തിരികെ പിടിക്കാനായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാലും മറ്റും വീടെന്ന കൂട്ടിനുള്ളിൽ ഒതുങ്ങേണ്ടി വന്നവരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളവരാണ് ഭിന്നശേഷി കുട്ടികൾ. തങ്ങളെപ്പോലുള്ള കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളാണ് വീടുകഴിഞ്ഞാൽ അവരുടെ ലോകം.
പേരാമ്പ്ര മേഖലയിലെ ബഡ്സ് സ്കൂളിൽ അത്തരത്തിലുള്ള 40 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഒപ്പം മക്കൾക്കായി ജീവിതം മാറ്റിവെച്ച രക്ഷിതാക്കളും. ഇവരിൽ പലർക്കും മക്കളെ വിട്ട് ജോലിക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കോവിഡ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിക്കുമിടയാക്കി. ചെയ്തിരുന്ന ചെറുജോലി കൂടി നഷ്ടപ്പെട്ടതോടെ പൊന്നോമനകളുടെ ജീവിതാവസ്ഥയെയും അത് ബാധിച്ചു.
ഈ സാഹചര്യത്തിലാണ് ബഡ്സ് സ്കൂളിനോട് ചേർന്ന് തന്നെ അമ്മമാർക്കായി ഒരു തൊഴിൽ സംരഭകത്വ സംവിധാനം ഏർപ്പാടാക്കാമെന്ന തീരുമാനത്തിലേക്ക് പേരാമ്പ്ര പഞ്ചായത്ത് എത്തിച്ചേർന്നത്. പഞ്ചായത്തിന്റെ പദ്ധതിയോടൊപ്പം പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
2015ല്‍ പേരാമ്പ്ര ബ്ലോക്കിന്റെ കീഴില്‍ ആരംഭിച്ച് 2017ല്‍ പഞ്ചായത്തിന്റെ ചുമതലയിലേക്ക് മാറ്റപ്പെട്ടതാണ് ബഡ്‌സ് സ്‌കൂള്‍. ഇവിടെ നിലവില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 40 വിദ്യാര്‍ത്ഥികളുണ്ട്. മൂന്ന് ടീച്ചര്‍മാര്‍, ആയ, കുക്ക് എന്നിവരുടെ ശമ്പളം, വാഹന-വാടക, ഭക്ഷണ ചെലവ് എന്നിവ ഉള്‍പ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപ പഞ്ചായത്ത് ഓരോ വര്‍ഷവും സ്‌കൂളിനായി ചെലവഴിക്കുന്നുണ്ട്. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും സ്ഥാപനത്തില്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഹായങ്ങള്‍ കൂടി ചേര്‍ന്ന് ആധുനിക രീതിയിലുള്ള ഒരു സ്മാര്‍ട്ട് ബഡ്‌സ് സ്‌കൂള്‍ ആക്കി മാറ്റാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. ഇതിനായി ചെറുതും വലുതുമായ സഹായങ്ങള്‍ ബഡ്‌സ് സ്‌കൂളിന്റെ ജോയന്റ് അക്കൗണ്ടിലേക്ക് അയക്കാം…
A/c നമ്പർ:
0987073000000225
Bank:SIB PERAMBRA
IFSC:SIBL 0000987
Name:CHAIRPERSON &SECRETARY
BUDS SCHOOL MANAGEMENT COMMITTEE
(സാധനങ്ങൾ നേരിട്ട് വാങ്ങിത്തരുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്)