പേരാമ്പ്ര ഹൈസ്‌കൂള്‍ പി.ടി.എ കമ്മിറ്റി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ അട്ടിമറിച്ചെന്ന് ആരോപണം; കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്


പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ച റിട്ടേണിങ് ഓഫീസറുടെ നീക്കത്തില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. റിട്ടേണിങ് ഓഫീസര്‍ നിലവിലെ പി.ടി.എ പ്രസിഡന്റിനെ സ്റ്റേജില്‍ ഇരുത്തി ഏകപക്ഷീയമായി കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും അവതരിപ്പിക്കപ്പെട്ട നാല് പാനലില്‍ രണ്ട് പാനലുകള്‍ അംഗസംഖ്യ തികയാത്തത് കാരണം അസാധുവാക്കുകയും മൂന്നാമത് അവതരിപ്പിച്ച പാനല്‍ അംഗീകരിക്കുകയും ചെയ്തു.

നിലവിലെ പി.ടി.എ പ്രസിഡന്റ് മുന്നോട്ടുവെച്ച നാലാമത് അവതരിപ്പിച്ച പാനലിലെ ഒരു വ്യക്തി പ്രസ്തുത മത്സരിക്കാന്‍ താല്‍പര്യമില്ല എന്ന് അറിയിക്കുകയും ചെയ്തു. അംഗസംഖ്യ തികയാത്തതിനാല്‍ അസാധുവാക്കേണ്ട പാനല്‍ തള്ളാതെ ഏകപക്ഷീയമായി ഇലക്ഷന്‍ മാറ്റുകയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

തികച്ചും നിഷ്പക്ഷമായി നടത്തേണ്ട തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാജു പൊന്‍പറ, അര്‍ജുന്‍ കറ്റയാട്ട് എന്നിവര്‍ അറിയിച്ചു.

ഏകപക്ഷീയമായി പി.ടി.എ. തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വീണ്ടും മറ്റൊരു ദിവസം ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാമെന്നാണ് പ്രഖ്യാപിച്ചത്. നിഷ്പക്ഷമായി നടത്തേണ്ട തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു.