‘ആദ്യം പായിപ്പിച്ചിട്ടും പിന്നെയും വന്നു’; പേരാമ്പ്ര ചങ്ങരോത്ത് തെരുവുനായകൾ കൂട്ടമായെത്തി ആടിനെയും ആട്ടിൻകുട്ടികളെയും കടിച്ചുകൊന്നു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ തെരുവുനായകളുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാർഡായ പന്തിരിക്കരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ വീട്ടിലെ ആടുകളാണ് നായയുടെ ആക്രമണത്തിൽ ചത്തത്.

നാലോളം തെരുവുനായകളാണ് അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം സൂപ്പി പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു. എന്നാൽ പിന്നീട് രാത്രി ഇവ വീണ്ടും എത്തി കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചുകൊല്ലുകയായിരുന്നു. കറവയുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടിൽ കയറിയാണ് കടിച്ച് കൊന്നത്.

തെരുവനായ ആക്രമണത്തിൽ സൂപ്പി പഞ്ചായത്ത് അധികൃതർക്കും മൃഗഡോക്ടർക്കും പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടെ കൂട്ടമായ തെരുനായ ആക്രമണം ഉണ്ടാവാറുണ്ടെന്ന് വാർഡ് മെമ്പർ പി.കെ പ്രകാശിനി പറഞ്ഞു. പഞ്ചായത്തിൽ വിവരമറിയിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.