പേരാമ്പ്ര വിക്ടറി ടൈല്‍സിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരത്തിടെ സംഘര്‍ഷാവസ്ഥ; സമരക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു, സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി


പേരാമ്പ്ര: തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു. സമരം നടത്തിയ സി.ഐ.ടി.യു ബി.എം.എസ് പ്രവര്‍ത്തകരായ തൊഴിലാളികളെയും സമരത്തിന് നേതൃത്വം നല്‍കിയ മറ്റു പ്രവര്‍ത്തകരെയും ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്ഥപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി.

സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ പിരിച്ച് വിട്ടതിനെത്തുടര്‍ന്നാണ് വിക്ടറി ടൈല്‍സ് സ്ഥാപനത്തിന് നേരെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. തൊഴിലാളികള്‍ക്ക് പി.എഫ്, ഇ.എസ്.ഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ സ്ഥാപനം നല്‍കിയിരുന്നില്ലയെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊഴില്‍ പ്രശ്നം മൂലം അടച്ചിട്ട പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇന്ന് സമരസമിതി സമരം ശക്തമാക്കുകയായിരുന്നു.

കോടതി വിധി മാനിക്കുന്നതിനോടൊപ്പം ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിക്കുകയായിരുന്നു. സമരം ശക്തമാക്കിയതോടെ പോലീസ് ഇടപെട്ട് സമരക്കാരെ അറസ്റ്റ് ചെയ്ത് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുന്നതിനായാണ് സമരക്കാരെ അവിടെ നിന്നും നീക്കം ചെയ്തതെന്ന് പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അതേസമയം സമരം നടന്നിരുന്ന വിക്ടറിയ്ക്കു മുന്നില്‍ സമരസമിതി പ്രവര്‍ത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരും തമ്മില്‍ രാവിലെ സംഘര്‍ഷം നടന്നു. പ്രശ്നപരിഹാരത്തിനായി പൊലീസ് സമരസമിതി നേതാക്കളോടും വ്യാപാരി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പ്രകടനം വിക്ടറിയുടെ മുന്നിലെത്തിയതോടെ സമരക്കാര്‍ പ്രകടനം തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിലേക്കും കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.