സൗദി അറേബ്യയിൽ പേരാമ്പ്ര സ്വദേശിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


റിയാദ്: സൗദി അറേബ്യയില്‍ പേരാമ്പ്ര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. റഫീഖ് കാഞ്ഞിരക്കുറ്റിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തിയൊമ്പത് വയസായിരുന്നു. പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ നിന്നാണ് റഫീഖ്ന്റെ മൃതദേഹം കണ്ടെത്തിയത്.

വർഷങ്ങളായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയാണ് റഫീഖ്. കഴിഞ്ഞ ദിവസം ഇയാൾ ജോലി സ്ഥലത്ത് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് ലോറി നിര്‍ത്തിയതാണെന്ന് കരുതുന്നു. മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ആയിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. സാധാരണയായി ജിദ്ദിയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ പ്രത്യേകിച്ച് ആരും ശ്രദ്ധിച്ചിരുന്നില്ല.

മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്ലൈത്തില്‍ തന്നെ ഖബറടക്കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

സാജിദയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്താബ്, മുഹമ്മദ് അഫ്ലാ, ആമിനാ ഹന്‍സ. ഇടയ്ക്ക് പ്രവാസം നിര്‍ത്തി നാട്ടില്‍ വന്നിരുന്ന റഫീക്ക് വീണ്ടും പുതിയ വിസയില്‍ പോയി ജോലി തുടരുകയായിരുന്നു.