നിലത്ത് വീണപ്പോള്‍ പിറകെ ഓടിയെത്തിയ ആന ചവിട്ടാന്‍ നോക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുതുകാട്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന സ്ത്രീക്ക് പരിക്ക്


പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീയുടെ പിന്നാലെ പാഞ്ഞ് കാട്ടാന. എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിന് പിന്നാലെയാണ് ആന ഓടിയെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

എസ്റ്റേറ്റിലെ തൊഴിലാളിയായ ലൈസമ്മ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന പിന്നാലെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്ത് വീണ ലൈസമ്മയെ പിന്നാലെ എത്തിയ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ലൈസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭര്‍ത്താവും മറ്റ് തൊഴിലാളികളും ബഹളം വച്ചതോടെ ആക്രമിക്കാനെത്തിയ കാട്ടാന പിന്തിരിഞ്ഞ് പോയി. വീഴ്ചയില്‍ ലൈസമ്മയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്റ്റേറ്റില്‍ മുഴുവന്‍ കാട്ടാനകള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവയെ തുരത്തണമെന്നും കാട്ടാനകള്‍ വനമേഖലയില്‍ നിന്നും എസ്റ്റേറ്റിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സൗരവേലി, കിടങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് മാനേജര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവര്‍ ലൈസമ്മയെ സന്ദര്‍ശിച്ചു.