താളമേളങ്ങളുടെ ദിനങ്ങളിലേക്ക്; പേരാമ്പ്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കൊടിയേറി
പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 10.30ന് ക്ഷേത്ര സന്നിധിയിലാണ് കൊടിയേറ്റ് നടന്നത്. ഇന്നു മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ഉത്സവാഘോഷം നടക്കുന്നത്.
ഇതോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. കിഴിഞ്ഞാണ്യം നരസിംഹക്ഷേത്രസന്നിധിയില്‍നിന്ന് തുടങ്ങിയ ഘോഷയാത്ര എളമരാരന്‍കുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
ഉത്സവത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തായമ്പക, ചുറ്റെഴുന്നള്ളത്ത്, ദൃശ്യവിരുന്ന്, സോപാനസംഗീതം എന്നിവ നടക്കും.
നാളെ വൈകുന്നേരം തായമ്പക, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, സ്റ്റേജ് ഷോ എന്നിവയും 25-ന് തായമ്പക, നൃത്തസന്ധ്യ, ഏകപാത്രനാടകം, 26-ന് തായമ്പക, ക്ലാസിക്കല്‍ നൃത്തനാടകം. കളരിപ്പയറ്റ് തുടങ്ങിയവയും ഉണ്ടാവും.
27-ന് തായമ്പക, ചാക്യാര്‍കൂത്ത്, സംഗീത പരിപാടി, സാംസ്‌കാരികസദസ്സ്, 28-ന് ലളിതാസഹസ്ര നാമാര്‍ച്ചന, തായമ്പക, താലപ്പൊലി വരവ്, വെടിക്കെട്ട്, കളമെഴുത്തുംപാട്ടും, ഭക്തിഗാനസദസ്സും നടത്തപ്പെടും.
സമാപന ദിവസമായ മാര്‍ച്ച് ഒന്നിന് മലക്കളി, നായാട്ട് വരവ്, കരടി വരവ്, ട്രിപ്പിള്‍ തായമ്പക, വിളക്കുമാടം വരവ്, ഡാന്‍സ് ഫ്യൂഷന്‍ ഡ്രാമ, ആറാട്ട് എഴുന്നള്ളത്ത്, വെടിക്കെട്ട്, കുളിച്ചാറാട്ട്, രുധിരക്കോലം, ആറാട്ട് കലശം എന്നിവ നടക്കും.