പേരാമ്പ്രയില്‍ ഇന്ന് ഗാനമേളയും സാമ്പിള്‍ വെടിക്കെട്ടും
പേരാമ്പ്ര: പേരാമ്പ്ര ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഭക്തി ഗാനമേള നടക്കും. ഇന്ന് രാത്രി എട്ടു മണിക്ക് നടക്കുന്ന ഗാനമേള ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് ആന്റ് ആട്‌സിക്കാണ് അവതരിപ്പിക്കുന്നത്. പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ ശ്രീജിത്ത് കൃഷ്ണയാണ് ഗാനമേള നയിക്കുന്നത്.
ക്ഷേത്രത്തിലും ഇന്ന് വിവിധ പരിപാടികള്‍ നടക്കും. വൈകുന്നേരം 6.30ന് ദീപാരാധന തുടര്‍ന്ന് തായമ്പക എന്നിവ നടക്കും. ഏഴ് മണിക്ക് താലപ്പൊലി വരവ്. 7.25ന് കൊമ്പ് പറ്റ്, കുഴല്‍പ്പറ്റ്, അത്തായപൂജ, ചുറ്റെഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി 9.30 ന് മനോഹരമായ സാമ്പിള്‍ വെടിക്കെട്ടും അറങ്ങേറുന്നതാണ്.
പ്രധാന ഉത്സവം നടക്കുന്നതും സമാപന ദിവസവുമായ നാളെ സാധാരണ ചടങ്ങുകള്‍ക്ക് പുറമെ മലക്കളി, നായാട്ടിനിറങ്ങല്‍, നായാട്ട് വരവ്, കരടി വരവ്, വിളക്കുമാടം വരവ് എന്നിവയും ഉണ്ടാവും.
കൂടാതെ ആകാശ വിസ്മയം തീര്‍ത്ത് വെടിക്കെട്ടും, ട്രിപ്പിള്‍ തായമ്പകയും, വജ്രിക ആന്റ് കലൈഭാരതി പേരാമ്പ്ര അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍ ഡ്രാമ നൃത്ത നൃത്യനാട്യ സമന്വയവും ഉണ്ടാവുന്നതാണ്. പുലര്‍ച്ചെ രുധിരക്കോലവും നടക്കും.