ട്രെയിന്‍ യാത്രയ്ക്കിടെ അമ്മയ്ക്കും കുഞ്ഞിനും നേരെ നഗ്‌നതാ പ്രദര്‍ശനം; പയ്യോളി സ്വദേശി അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് യുവതി പകര്‍ത്തിയ ഫോട്ടോയിലൂടെ


പയ്യോളി: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പയ്യോളി സ്വദേശി പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ കെ.എം രാജു (45)നെയാണ് പിടികൂടിയത്.

ട്രെയിനില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് നടപടി. ഡിസംബര്‍ രണ്ടിന് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് തലശ്ശേരിയില്‍ എത്താറായപ്പോള്‍ ജനറല്‍ കോച്ചിലായിരുന്നു സംഭവം.

പത്തനംതിട്ട സ്വദേശിയായ യുവതിയും കുഞ്ഞിനും നേരെയാണ് അതിക്രമമുണ്ടായത്. യുവതി പ്രതിയുടെ ഫോട്ടോ പകര്‍ത്തി ബന്ധുവിന് കൈമാറുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ തലശ്ശേരി നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

പിറ്റേദിവസം യുവതി ഇയാളുടെ ഫോട്ടോയുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഫോട്ടോ പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയുമായിരുന്നു. റെയില്‍വേ പൊലീസ് എസ്.ഐ പി.കെ അക്ബര്‍ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.