നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍: ഒടുക്കം കോഴിക്കോട് ട്രെയിന്‍ നിര്‍ത്തി ആളെയിറക്കി പരിശോധനയും


കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് അഞ്ചില്‍ പാമ്പിനെ കണ്ടത്.

കണ്ണൂര്‍ സ്വദേശി പി.നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. തോടെ യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലര്‍ ബഹളം വച്ചു. യാത്രക്കാരന്‍ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ മുന്നോട്ടു പോയി. തുടര്‍ന്ന് യാത്രക്കാര്‍ ടി.ടി.ഇയെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10.15 ഓടെ ട്രെയിന്‍ കോഴിക്കോട് എത്തിയതും അധികൃതര്‍ യാത്രക്കാരെ മുഴുവന്‍ സാധനങ്ങളുമായി കോച്ചില്‍ നിന്നിറക്കി പരിശോധന നടത്തി. ആര്‍.പി.എഫും, ഫയര്‍ഫോഴ്‌സും വനംവകുപ്പും പരിശോധനയ്‌ക്കെത്തി. ചേരയാണ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയതെന്ന് മനസിലായി. പാമ്പിനെ കണ്ടതും പരിശോധിക്കാനെത്തിയ സംഘത്തിലെ ഒരാള്‍ വടി കൊണ്ട് പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോയി. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി ട്രെയിന്‍ പരിശോധിച്ചു. ബാഗുകളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.