പന്തിരിക്കര ഇര്‍ഷാദിന്റെ കൊലപാതകം: വിദേശത്തുള്ള സ്വാലിഹിനെയും ഷാനാദിനെയും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കും; മൂന്ന് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്


പേരാമ്പ്ര: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. ഇതില്‍ ഷംനാദ് വിദേശത്താണ്. സ്വാലിഹ്, ഷംനാദ് എന്നിവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. കേസില്‍ അറസ്റ്റിലായ മുര്‍ഷിദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

ഇര്‍ഷാദിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ജൂലൈ ആറിന് വീട്ടില്‍ നിന്ന് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു. മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17ന് ഇതിന്റെ പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് തിരിച്ചറിഞ്ഞു.