വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൂണേരിയിൽ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം; കേസെടുത്ത് പോലീസ്


നാദാപുരം: തൂണേരിയിൽ വാഹനത്തിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച്‌ ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകള്‍ക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്.

തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച്‌ കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനത്തിന് കടന്ന് പോവാൻ സൈഡ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനമെന്ന് കൃഷ്ണൻ പറഞ്ഞു.

പരിക്കേറ്റ ഇരുവരും നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിൽ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് അശ്വതിയെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. റാഫിയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary: Panchayat member and daughter beaten up in Thuneri for allegedly not giving side to the vehicle; Police registered a case