അപൂര്‍വ രോഗത്തില്‍ നിന്ന് രക്ഷതേടി അതിര്‍ത്തികള്‍ താണ്ടിയെത്തിയ കുഞ്ഞു സെയ്ഫിനെ സെയ്ഫാക്കിയത് കോഴിക്കോട്ടെ ഡോക്ടര്‍മാര്‍; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പാക്കിസ്ഥാനി ബാലന് പുതു ജീവന്‍


കോഴിക്കോട്: ജീവന്‍ തിരിച്ച് പിടിക്കാന്‍ ഇനിയൊരു ചികിത്സയുമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ സെയ്ഫ് എന്ന പാകിസ്ഥാനി ബാലന് കോഴിക്കോട് ലഭിച്ചത് പുതുജന്മം. അപൂർവ രോഗം ബാധിച്ച രണ്ട് വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുപിടിച്ചത്.

ജനിച്ച് രണ്ട് കൊല്ലം തികയും മുൻപേ അനേകം ചികിത്സയിലൂടെ കടന്നുപോയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. സിവിയർ കമ്പൈൻഡ് ഇമ്മ്യുണോ ഡെഫിഷൻസി എന്ന അസുഖം ബാധിച്ചാല്‍ രക്ഷപെടാൻ സാധ്യത കുറവാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർപറഞ്ഞത്. ഒടുവിലാണ് കേരളത്തിലെത്തിയതും ചികിത്സ നടത്തിയതും. കുഞ്ഞിന്റെ ജീവന്‍ തിരിച്ച് കിട്ടാന്‍ കാരണമായവര്‍ക്ക് മാതാപിതാക്കള്‍ നന്ദിയറിയിച്ചു.

അതിർത്തി തർക്കങ്ങള്‍ക്കപ്പുറത്തേക്ക് വൈദ്യശാസ്ത്രം മനുഷ്യബന്ധങ്ങളെ യോജിപ്പിക്കുന്നതിനുള്ള ഉദാഹരണമാണിതെന്ന് കുഞ്ഞിനെ ചികിത്സിച്ച മിംസ് ആശുപത്രി പറയുന്നു. പൂർണമായും സൗജന്യമായിരുന്നു സെയ്ഫിൻറെ ചികിത്സ. മാസങ്ങള് നീണ്ട ആശുപത്രി വാസമവസാനിപ്പിച്ച് ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സെയ്ഫും കുടുംബവും.