കൊയിലാണ്ടി നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവം; പയ്യോളി സ്വദേശി റിമാന്റിൽ


കൊയിലാണ്ടി: നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പ്രതി റിമാന്റിൽ. പയ്യോളി പെരുമാൾപുരം സ്വദേശി വിനോദ് കുമാറാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

ഒക്ടോബർ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തിൽ രോഹിത്തി (26) നെയാണ് പ്രതി വെട്ടിയത്. ദേശീയപാതയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു സംഭവം. രോഹിത്തിന്റെ കാലിനായിരുന്നു വെട്ടേറ്റത്.

നന്തി സഹകരണ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്നു പിടിയിലായ വിനോദ് കുമാർ. ഇയാൾക്ക്‌ കഞ്ചാവിന്റെ ഇടപാടുണ്ടെന്നും അതിനാൽ വിനോദിനെ ജോലിയിൽ ഒഴിവാക്കണമെന്നും രോഹിത്ത്‌ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ ഇയാളെ ജോലിയിൽ നിന്നും അധികൃതർ പുറത്താക്കി. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് വിനോദ് രോഹിത്തിനെ വെട്ടിയത്‌ എന്നാണ് പോലീസ് പറയുന്നത്.