വരും ദിനങ്ങള്‍ ഉത്സവ ലഹരിയില്‍; പേരാമ്പ്ര പാണ്ടിക്കോട് കൂളിമുത്തപ്പന്‍- ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി, പ്രധാന ചടങ്ങുകള്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍
പേരാമ്പ്ര: പാണ്ടിക്കോട് കൂളിമുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാര്‍ച്ച് 30,31, ഏപ്രില്‍ 1,2 തിയ്യതികളില്‍ നടക്കും. ഉത്സവച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് മാര്‍ച്ച് 25ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി ദീപം തെളിയിച്ച് കൊടിയേറ്റ ചടങ്ങ് നടത്തി.
മാര്‍ച്ച് 30ന് കലവറ നിറയ്ക്കല്‍ ചടങ്ങാണ്. രാവിലെ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 31ന് രാവിലെ ഇളനീര്‍ക്കുലമുറി. വൈകുന്നേരം 5.30ന് വാള്‍ എഴുന്നള്ളത്ത് എന്നിവ നടക്കും. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ പ്രധാന ‘കലശം’ നടക്കും. അനുബന്ധിച്ച് ഗുരുദേവന്മാര്‍ക്കുള്ള വെള്ളാട്ട്, ഉത്സവാഘോഷത്തിന് മാറ്റുകൂട്ടി കൊണ്ട് രാത്രി 8.30ന് ‘കലാസന്ധ്യ’ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഗാനമേളയും അരങ്ങേറും.
ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2മണിയ്ക്ക് ക്ഷേത്രത്തിലെ പ്രധാന തിറയായ മുത്തപ്പന്റെ തിറ തുടര്‍ന്ന് വൈകുന്നേരം 6.30ന് മൊട്ടമ്മല്‍ ശ്രീ ഗുളികന്റെ ക്ഷേത്രത്തില്‍ നിന്നും ദേവി ഭഗവതിയുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ വര്‍ണ്ണഭമായ ഘോഷയാത്രയും ഉണ്ടായിരിക്കും.
തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭഗവതി തിറ, ഗുളികന്റെ വെള്ളാട്ട്, കുട്ടിച്ചാത്തന്റെ വെള്ളാട്ട് പുലര്‍ച്ചെ കുട്ടിച്ചാത്തന്‍ തിറ, ഗുളകന്‍ തിറ, കാളിത്തിറ, ഗുരുതി എന്നിവയും നടക്കു.
ഏപ്രില്‍ 2ന് ഉച്ചയ്ക്ക് 2മണിയോടെ സമാപന പൂജ നടക്കും. ഇതോടെ ഉത്സവാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.