‘ഓത്തുപള്ളീലന്ന് നമ്മള്….’, മനോഹരമായ നിരവധി മാപ്പിളപ്പാട്ടുകളുടെ രചയിതാവ്; വടകരയിൽ പി.ടി അബ്ദുറഹ്മാൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു


വടകര: മലയാള കവിയും ഗാന രചയിതാവുമായിരുന്ന പി.ടി. അബ്ദു റഹ്മാൻ അനുസ്മരണവും പി.ടി സ്മാരക അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിലാണ് പരിപാടി നടന്നത്. കേരള സംഗീത നാടക അക്കാദമി സിക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.

വടകരയിലെ കലാ- സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ എക്സൽ ഫൈൻ ആർട്സ് സൊസൈറ്റി (എഫാസ്) യുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി നടന്നത്. മലയാള സിനിമാ – നാടക ഗാനരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വടകരയുടെ പ്രിയ ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളിയാണ് ഈ വർഷത്തെ പി.ടി പുരസ്കാര ജേതാവ്. പതിനായിരം രൂപയും ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പി.ടി അബ്ദു റഹിമാൻ രചിച്ച ‘ഓത്തുപള്ളീലന്ന് നമ്മള്’ എന്ന് തുടങ്ങുന്ന പ്രശസ്തമായ സിനിമാ ഗാനം വി.ടി മുരളിയുടെ സ്വരമാധുരിയിലൂടെയാണ് മലയാളിയുടെ മനസ്സിൽ ഇടം നേടിയത്.

പി ടി യുടെ സമ്പൂർണ്ണ കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി കഴിഞ്ഞ വർഷം വടകരയിൽ എഫാസ് വേദിയിൽ വെച്ച് പ്രകാശനം നിർവ്വഹിച്ചിട്ടുണ്ട്. വി.ടി മുരളിയുടെ പരിശ്രമത്തിൻ്റെ കൂടെ ഭാഗമായാണ് മഹത്തായ ഈ ഗ്രന്ഥം രൂപപ്പെട്ടത്. അവിസ്മരണീയമായ നിരവധി മാപ്പിള പാട്ടുകളും നാടക ഗാനങ്ങളും പി.ടിയുടെ വിരൽ തുമ്പിലൂടെ മലയാള സാഹിത്യ ശാഖയ്ക്ക് മുതൽ കൂട്ടായിട്ടുണ്ട്. എഫാസ് പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കരിവള്ളൂർ മുരളി പി.ടി സ്മാരക പുരസ്കാരം വി.ടി മുരളിക്ക് സമ്മാനിച്ചു.

എഫാസിന് വേണ്ടി ടി.വി.എ ജലീൽ പുരസ്ക്കാര ജേതാവിനെ ഹാരാർപ്പണം നടത്തി. എൻ. ചന്ദ്രൻ പ്രശസ്തി പത്രം കൈമാറി. ആർ. ബാലറാം പി.ടി.അബ്ദു റഹ്മാൻ അനുസ്മരണം പ്രഭാഷണം നടത്തി. എഫാസ് ജനറല്‍ സെക്രട്ടറി വത്സകുമാര്‍ സി. സ്വാഗതവും വിനോദ് അറക്കിലാട് നന്ദിയും പറഞ്ഞു. തുടർന്ന് വടകര റെഡ് വെയ്വ്സ് മ്യൂസിക് ബേൻ്റ് ഒരുക്കിയ സംഗീത വിരുന്നും നടന്നു.

മാപ്പിളപ്പാട്ട് രംഗത്തും, കലാ- സാഹിത്യ സാംസ്കാരിക മേഖലകളിലും നിരവധി സംഭാവനകൾ നൽകിയ വി.എം.കുട്ടി, പീർ മുഹമ്മദ്, എം. കുഞ്ഞിമ്മൂസ, ജമാൽ കൊച്ചങ്ങാടി, കവിയും മലയാള സിനിമാ പിന്നണി ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് മുൻ വർഷങ്ങളിൽ
പി.ടി സ്മാരക പുരസ്കാരം നൽകിയിട്ടുള്ളത്.

‘Othupallilannu Namal….’, the composer of many beautiful Mappila songs; P.T. Abdurahman’s memories and award presentation held in Vadakara