‘പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോവുന്നു, വയനാട്ടില്‍ പോലും ആദ്യമെത്തിയത് പോലീസ്’; വടകരയിലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി


വടകര: പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന്‌ എഡിജിപി എംആര്‍ അജിത്ത് കുമാര്‍. വടകരയില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വയനാട്ടില്‍ പോലും ആദ്യം എത്തിയത് പോലീസുകാരാണ്. എന്നാല്‍ പോലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പോലീസിനില്ല. മറ്റ് സേനാവിഭാഗങ്ങള്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. നമ്മള്‍ ഡ്യൂട്ടി ചെയ്യുന്നു. മറ്റുള്ളവര്‍ ക്രെഡിറ്റ് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെകുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. പെറ്റി കേസുകളെടുത്ത് സമയം കളഞ്ഞ് ജോലി ഭാരം കൂട്ടരുത്. പെറ്റി കേസുകള്‍ കുറഞ്ഞതുകൊണ്ട് ക്രിമിനല്‍ കേസുകള്‍ കൂടാനും കുറയാനും പോകുന്നില്ല. റോഡില്‍ പോലീസ് വേണം, വാഹനങ്ങള്‍ പരിശോധിക്കണം, പെറ്റി അടിക്കണമെന്ന്‌ താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പോലീസിലെ ആത്മഹത്യ ജോലി ഭാരം കൊണ്ടല്ല. ഒരു ആത്മഹത്യയും ജോലി ഭാരം കൊണ്ടല്ല. മറ്റ് വിഭാഗങ്ങളില്‍ വര്‍ദ്ധിച്ചതുപോലെ ആത്മഹത്യാ നിരക്ക് പോലീസിലും വര്‍ധിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിച്ച് ജോലി ഭാരം കുറയ്ക്കുക. ജോലി ചെയ്യാന്‍ അറിയാത്തവര്‍ക്കാണ് ജോലി ഭാരമായി തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സസ്‌പെന്‍ഷന്‍ ലഭിച്ച എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയിട്ടില്ല. മാധ്യമങ്ങള്‍ പറയുന്നതിന് പിന്നാലെ പോയി നടപടി എടുക്കരുതെന്നും, അങ്ങനെ നടപടി എടുക്കുന്നവരാണ് ഇളിഭ്യരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നതില്‍ ശരിയുണ്ടെയെന്ന് നോക്കി നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Description: Others are taking credit for the achievements of the police; ADGP.