കുട്ടികള്‍ക്കെന്താ പോലീസ് സ്റ്റേഷനിൽ കാര്യം ? എടച്ചേരി പോലീസ് സ്റ്റേഷനിലെത്തി ഓർക്കാട്ടേരി എൽ.പി സ്‌ക്കൂളിലെ കുട്ടികൾ


ഓര്‍ക്കാട്ടേരി: വാര്‍ത്തകളിലും കഥകളിലും മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ദിവസം പോകാമെന്ന് അധ്യാപകര്‍ പറഞ്ഞത് മുതല്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായിരുന്നു. പിന്നാലെ ഓരോ ദിവസവും അവര്‍ എണ്ണിയെണ്ണി കാത്തിരുന്നു.

ഒടുവില്‍ ഇന്ന് രാവിലെ എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ചിലരുടെ മുഖത്ത് അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ മധുരവുമായി കാത്തിരുന്ന പോലീസുകാരെ കണ്ടപ്പോള്‍ എല്ലാവരും ഹാപ്പി.

പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്ന പഠന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌ക്കൂളിലെ അമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ എടച്ചേരി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കിയത്. കുട്ടികളുടെ എല്ലാ സംശയത്തിനും അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ വളരെ കൃത്യമായി തന്നെ ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി.

പോലീസ് സബ് ഇൻസ്പെക്ടർമാരായ കെ രാജേഷ്, കെ യൂസഫ്, ഹെഡ്കോസ്റ്റബിൾ സി പ്രവീൺകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ശാരിക, ആർ രൂപേഷ്, ബി മനേഷ് എന്നിവരാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചത്‌. ടി അനൂപ്, ഫാത്തിമത്ത് അഫിന, സി.കെ ബിനിഷ, അജിഷ, എന്നിവർ നേതൃത്വം നൽകി.