വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലിനും തിരുത്തലിനും അവസരം; പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന് തുടക്കമായി


തിരുവനന്തപുരം: 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യജ്ഞത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും.
വോട്ടര്‍മാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തും. ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്, വോട്ടേഴ്‌സ് സര്‍വിസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, https://voters.eci.gov.in/ ഇവയില്‍ ഏതെങ്കിലും ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ https://www.ceo.kerala.gov.in/onlineregistration.html?lang=ml വെബ്‌സൈറ്റില്‍ ലഭിക്കും.
വോട്ടുചേര്‍ക്കലുമായി ബന്ധപ്പെട്ട് വ്യത്യസ്ത അപേക്ഷ ഫോമുകള്‍ ലഭ്യമാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം ആറ്, പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം ആറ് എ, ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഫോം ആറ് ബി, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോറം ഏഴ്, തെറ്റു തിരുത്തുന്നതിന്, മേല്‍വിലാസം മാറ്റുന്നതിന്, കാര്‍ഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന് ഫോറം എട്ട് എന്നിവ ഉപയോഗിക്കണം.
17 വയസ്സ് തികഞ്ഞവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അപേക്ഷ സമര്‍പ്പിച്ച ശേഷം ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് തീയതികളില്‍ എന്നാണോ 18 വയസ്സ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അര്‍ഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്‌പെഷല്‍ സമ്മറി റിവിഷന്റെ ഭാഗമായ കരട് വോട്ടര്‍ പട്ടിക 2023 ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും.
കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് നവംബര്‍ 30വരെ സമയമുണ്ട്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അര്‍ഹതയുള്ള എല്ലാ ആളുകളെയും ഉള്‍പ്പെടുത്തി കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കാനാണ് ശ്രമം. ഇതിനായി ബി.എല്‍.ഒമാര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുകയാണ്.